


തൃശൂര്‍ : ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് സ്ഥാനം ആഗ്രഹിക്കാതെ കിട്ടിയ പദവിയെന്ന് എ വി ഗോപിനാഥ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ 16-ാമത് ചെയര്‍മാനായി സ്ഥാനമേറ്റതിന് പിന്നാലെയാണ് മുന്‍ എംഎല്‍എ കൂടിയായ എ വി ഗോപിനാഥിന്റെ പ്രതികരണം.
‘ഗുരുവായൂരപ്പന്റെ ഭക്തനാണ്, മുപ്പത്തഞ്ച് വര്‍ഷമായി ഗുരുവായൂരപ്പനെ ഭജിക്കുന്ന ആളാണ്. പുലര്‍ച്ചെ അഞ്ചുമണിക്കുണര്‍ന്ന് കുളിച്ച് നാമം ജപിക്കാറുണ്ട്. ഗുരുവായൂരപ്പന് വലിയൊരു ഊര്‍ജമാണ്. കുറേ ആഴ്ചയായി മനസ്സില്‍ ഗുരുവായൂരപ്പന് വിളിക്കുന്നു എന്ന് തോന്നി. ഭഗവാന് വിളിച്ചാല്‍ ആര്‍ക്കും തടയാന്‍ കഴിയില്ല എന്നതിന് തെളിവാണ് തന്റെ ചെയര്മാന് സ്ഥാനം’ എന്നും അദ്ദേഹം പ്രതികരിച്ചു.
ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ആകാന്‍ സുരേഷ് ഗോപി ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. കേന്ദ്രമന്ത്രിക്ക് പലതും ആഗ്രഹിക്കാം. അവര്‍ വലിയ വലിയ ആളുകളാണ്. എന്നെ മാറ്റി വന്നിരിക്കാന്‍ സമ്മതിക്കില്ല. ഒന്നിനേയും പേടിച്ച് പിറകോട്ടുപോകില്ല. ഇന്നുവരെ അങ്ങിനെയുണ്ടായിട്ടില്ലെന്നും ഗോപിനാഥ് പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂര്‍ ദേവസ്വത്തില്‍ ഒരു വനിത അംഗമായിരിക്കുകയാണ്. ഭരണ സമിതിയുടെ ചുമതലയേല്‍ക്കല്‍ വനിതാ ദിനത്തില്‍ ആണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഭാഗ്യം ചെയ്ത ഭരണസമിതിയാണിത്. ഗുരുവായൂരുമായി ബന്ധപ്പെട്ട കേന്ദ്ര ഫണ്ട് ചെലവഴിക്കാന്‍ എന്താണ് തടസ്സമെന്ന് പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ. വി കെ വിജയന് സ്ഥാനമൊഴിഞ്ഞതോടെയാണ് എ വി ഗോപിനാഥ് ചെയര്‍മാനായത്. ഭരണ സമിതി അംഗമായിരുന്ന വി ജി രവീന്ദ്രന്റെ ഒഴിവിലാണ് എം യു ഷിനിജ എന്നിവരെ ദേവസ്വം ഭരണസമിതിയില്‍ എത്തിയത്. ഇന്നലെയാണ് സര്‍ക്കാര്‍ ഇരുവരെയും നാമനിര്‍ദേശം ചെയ്ത്.