


കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎമ്മുകള്‍) സ്ഥാനാര്‍ത്ഥികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍ വരുന്നു. വോട്ടര്‍മാര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിനാണ് മാറ്റങ്ങള്‍. കളര്‍ ഫോട്ടോയ്ക്ക് പുറമെ പേരുകള്‍ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്താനും തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു.
സംസ്ഥാനത്തെ എല്ലാ പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തും. പോളിങ് കേന്ദ്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം കര്‍ശനമാക്കും. വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷന്റെ ഗേറ്റ് വരെ മാത്രമേ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവാദം ഉണ്ടാവുകയുള്ളു. ഇവിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിക്ഷേപ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഉള്‍പ്പെടെയായി കേരളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നടപ്പാക്കിയ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആര്‍) പ്രക്രിയയെ കുറിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രതികരിച്ചു. ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് പിഴവുകളില്ലാത്ത വോട്ടര്‍പട്ടിക എന്നായിരുന്നു സിഇസിയുടെ പ്രതികരണം. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്നും ഒരു അയോഗ്യനായ വ്യക്തിയെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടര്‍ പട്ടികയുടെ പരിഷ്കരിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് തത്സമയം ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാര്ക്ക് അവസരം നല്കുന്ന സിവിജില്‍ ആപ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കമ്മീഷന് അഭ്യര്‍ത്ഥിച്ചു. ആക്ഷേപങ്ങള്‍ക്ക് 100 മിനിറ്റില്‍ പരിഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പെരുമാറ്റ ചട്ട സംഘനങ്ങള്‍ ജിപിഎസ്-ടാഗോടെ സ്ഥലം സമയം എന്നിവ രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് ക്രമക്കേടുകളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിയും. വിവരങ്ങള്‍ നല്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ മറച്ചുവയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്വേഷ പ്രസംഗവും മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.