

തിരുവനന്തപുരം : ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ‘ഹില്ലി അക്വ’ ബയോഡീഗ്രേഡബിള്‍ കുപ്പികളില്‍ കുടിവെള്ളം പുറത്തിറക്കി. പ്രാരംഭഘട്ടമായി 300 മില്ലി ലിറ്റര്‍ കുപ്പികളിലാണ് വെള്ളം പുറത്തിറക്കിയത്. ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുമ്പോള് ബയോഡീഗ്രേഡബിള്‍ കുപ്പികളില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്നത് ഹരിതപെരുമാറ്റച്ചട്ടം നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്‍പ്പെടെ സഹായകമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ കണ്ടെത്തലുകളും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി ഇത്തരം നൂതന സംരംഭങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ തൊടുപുഴയില്‍ നിന്നും അരുവിക്കരയില്നിന്നുമാണ് ഹില്ലി അക്വ കുപ്പിവെള്ളം പുറത്തിറക്കുന്നത്. കട്ടപ്പനയിലും ആലുവയിലും രണ്ട് പ്ലാന്റുകള്‍ ഒരുമാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകും. പെരുവണ്ണാമൂഴിയില്‍ മറ്റൊരു പ്ലാന്റ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ കടകള്‍ വഴിയും കെഎസ്ആര്‍ടിസി, റെയില്‍വേ തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും ഹില്ലി അക്വ കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ ഉല്പന്നമായ കുപ്പിവെള്ളം കയറ്റി അയക്കുന്ന ആദ്യസംസ്ഥാനമായ കേരളം മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവില്‍ അര ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പിവെള്ള വിതരണം നിയമപരമായി അനുവദനീയമല്ല. ഹില്ലി അക്വയുടെ ബയോഡീഗ്രേഡബിള്‍ കുപ്പികള്‍ കരിമ്പ്, ചോളം പോലുള്ളവയുടെ അന്നജത്തില്‍ നിന്നുള്ള പോളി ലാക്ടിക് ആസിഡ് പ്രിഫോമുകള് ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. സുതാര്യവും ഭാരം കുറഞ്ഞതുമായ ഈ കുപ്പികള്‍ വ്യാവസായിക സൗകര്യങ്ങളില്‍ കൃത്യമായ താപനിലയിലും ഈര്‍പ്പത്തിലും കമ്പോസ്റ്റ് ചെയ്യപ്പെടും. അതുകൊണ്ടുതന്നെ അന്തരീക്ഷ മലിനീകരണത്തിന് ഈ കുപ്പികള്‍ കാരണമാകുന്നില്ല. കൊച്ചി ആസ്ഥാനമായുള്ള എയ്റ്റ് സ്പെഷ്യലിസ്റ്റ് സര്‍വീസസ് എന്ന സ്റ്റാര്‍ട്ടപ്പാണ് ബയോ ഡീഗ്രേഡബിള്‍ പ്രിഫോമുകള് ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നത്.
കെഐഐഡിസി സിഇഒ എസ്. തിലകന് അധ്യക്ഷത വഹിച്ചു. ചീഫ് എന്‍ജിനീയര്‍ പ്രകാശ് ഇടിക്കുള, ഹില്ലി അക്വ ജനറല്‍ മാനേജര്‍ വി. സജി, മാര്‍ക്കറ്റിംഗ് മാനേജര്‍ അകിന്രാജ് എന്നിവര്‍ സംസാരിച്ചു.