
തിരുവനന്തപുരം : സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വിളപ്പില്‍ശാല ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും നാല് വയസുള്ള കുഞ്ഞിന്റെ കൈ മുറിച്ച് മാറ്റേണ്ടി വന്നിട്ട് നടപടിയുണ്ടായിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ചോദിച്ചു. വിളപ്പില്‍ശാല സംഭവത്തില്‍ രോഗിക്ക് സാധ്യമായ ചികിത്സ ഏറ്റവും വേഗത്തില്‍ നല്‍കിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. യുഡിഎഫ് ഭരണകാലത്തെ ആരോഗ്യരംഗത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ മന്ത്രി പ്രതിപക്ഷത്തിന് സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്നതിനായുള്ള ഗൂഢ ലക്ഷ്യമാണെന്നും ആരോപിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
യുഡിഎഫ് കാലത്ത് തിമിര ശസ്ത്രക്രിയ നടത്തി അഞ്ചുപേർക്ക് കാഴ്ച നഷ്ടമായി. അവർക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് കാലത്ത് ലാബുകൾ ഇല്ലായിരുന്നു. യുഡിഎഫിന്റെ കാലത്ത് ഏതെങ്കിലുമൊരു മെഡിക്കൽ കോളജുകളിൽ കാത്തലാബ് തുടങ്ങിയിട്ടുണ്ടോയെന്ന് മന്ത്രി വീണാ ജോർജ് ചോദിച്ചു. കല്ല് ഇട്ട് പോയ മെഡിക്കൽ കോളേജുകൾക്ക് പകരം കുട്ടികൾ ഇരുന്നു പഠിക്കുന്ന മെഡിക്കൽ കോളജ് ആക്കി ഈ കാലഘട്ടം മാറ്റിയെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ ഒരു ദിവസം 2,000 പേർക്ക് ഡയാലിസിസ് ചെയ്യുന്നു. ഇന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേത്ര പടലം മാറ്റിവെച്ചു. രാജ്യത്ത് തന്നെ ഇതാദ്യമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതേസമയം മറുപടി പ്രസംഗത്തിൽ വിളപ്പിൽശാല വിഷയം ആരോഗ്യ മന്ത്രി പരാമർശിച്ചില്ല. പ്രമേയം അവതരിപ്പിച്ച പി സി വിഷ്ണുനാഥ് ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് വിമർശിച്ചിരുന്നു. എല്ലാവരും സിസ്റ്റത്തിന്റെ ഇരകളാണെന്നും ആരോഗ്യ വകുപ്പിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും പി സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് നിയമസഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സർക്കാരിന് വീഴ്ചയുണ്ടാകുമ്പോൾ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും വലിയ തകർച്ചയിലേക്കാണ് ആരോഗ്യമേഖല പോകുന്നതെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ശിശു മരണ നിരക്കും, മാതൃ മരണ നിരക്കും കുറയാൻ കാരണം പ്രസവങ്ങൾ 70 ശതമാനവും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതാണെന്ന് വിഡി സതീശൻ പറഞ്ഞു.
തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനാല്‍ ജീവന് പൊലിഞ്ഞ സംഭവം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ‘ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളജില്‍ നടക്കുന്ന ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ നെഞ്ചുപൊട്ടി ഒരു ഡോക്ടര്‍ക്ക് പുറത്ത് പറയേണ്ടിവന്നു. നാല് വയസുള്ള കുഞ്ഞിന്റെ കൈ മുറിച്ച് മാറ്റേണ്ടി വന്നിട്ട് നടപടിയുണ്ടായിട്ടുണ്ടോ? ഈ സര്‍ക്കാര്‍ ഇതൊക്കെ ചെയ്യേണ്ടതില്ലേ. അപ്പപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടതില്ലേ. തിരുവനന്തപുരത്ത് വേണുവിന് നീതി നിഷേധിക്കപ്പെട്ടു. കിളിമാനൂര്‍ രഞ്ജിതിന്റെ അവസ്ഥയെന്താണ്? ഒരുകാലത്ത് ആരോഗ്യകേരളം മുന്‍പന്തിയിലായിരുന്നു. ഇപ്പോള്‍ നേരെ തിരിച്ചാണ്. പല ജില്ലാ ആശുപത്രികളിലും അടിയന്തര ചികിത്സ പോലുമില്ല.’
‘വലിയ തകര്‍ച്ചയിലേക്കാണ് ആരോഗ്യമേഖല പോകുന്നത്. സമീപകാലത്ത് വന്ന റിപ്പോര്‍ട്ടുകളൊക്കെ എടുത്ത് വായിച്ചുനോക്കിയാല്‍ അത് അറിയാനാകും. ഇതൊന്നും രാഷ്ട്രീയപ്രേരിത റിപ്പോര്‍ട്ടുകളല്ല. ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്നത് ആവര്‍ത്തിക്കുന്നു. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടുക തന്നെ ചെയ്യും. ഹര്‍ഷീനയെ ചേര്‍ത്തുപിടിച്ച് നിങ്ങളോടൊപ്പം ഞങ്ങളുണ്ടെന്ന് പറയാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് അവരുടെ ചികിത്സ ഇതുവരെയും ഏറ്റെടുക്കാത്തത്.’ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തിരുന്ന് ആരോഗ്യമന്ത്രി സ്വകാര്യ ആശുപത്രി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.