

കൊച്ചി : എറണാകുളം പനങ്ങാട് ഫേസ്ക്രീം മാറ്റി വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ മര്‍ദിച്ച് വാരിയെല്ല് തകര്‍ത്ത മകള്‍ പിടിയില്‍. കൊലപാതകം, കഞ്ചാവ് കേസുകളിലെ പ്രതിയാണ് നിവ്യ.
പതിവായി ഉപയോഗിക്കുന്ന ഫേസ് ക്രീം മാറ്റി വെച്ചു എന്ന് പറഞ്ഞായിരുന്നു മര്‍ദനം തുടങ്ങിയത്. ഫേസ്ക്രീം നോക്കിയ സമയത്ത് അത് കണ്ടില്ല. തുടര്‍ന്ന് അമ്മ സരസുവിനോട് എവിടെ എന്ന് ചോദിച്ചു. താന്‍ ഫേസ് ക്രീം എടുത്തിട്ടില്ലെന്ന് പറഞ്ഞു. എന്നാല്‍ ക്രീം എടുത്തു എന്ന് ആരോപിച്ച് ആദ്യം അമ്മയെ നിലത്തിട്ട് ചവിട്ടുകയും മുഖത്തും ദേഹത്തും മര്‍ദിക്കുകയും ചെയ്തു. പിന്നീടാണ് കമ്പിപാര ഉപയോഗിച്ച് വാരിയെല്ലിന് മര്‍ദിച്ചത്. കരച്ചില് കേട്ട് എത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ സരസുവിനെ ആശുപത്രിയിലെത്തിച്ചത്. വിഷയത്തില്‍ പനങ്ങാട് പൊലീസ് കേസെടുത്തിരുന്നു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ നിലവില്‍ ചികിത്സയിലാണ് നിവ്യയുടെ അമ്മ. മര്‍ദനത്തിന് ശേഷം നാടുവിട്ട നിവിയയെ വയനാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.