
തൊടുപുഴ : ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു. അനുമതിയില്ലാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
ആനച്ചാല്‍ കാനാച്ചേരിയിലെ എല്‍സമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മിച്ചത്. 2 കോടി രൂപ ചെലവിട്ട് 35 മീറ്റര്‍ നീളത്തിലാണ് പാലം. ഒരേ സമയം 40 പേര്‍ക്ക് കയറി നില്ക്കാം. ശനിയാഴ്ചയായിരുന്നു ഉദ്ഘാടനം. അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും പഞ്ചായത്തിന്റെയും അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്കും കൈമാറി.
പാലം നിര്‍മാണം നിര്‍ത്തണമെന്ന് പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി മാര്‍ച്ച് ഒന്നിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും മെമ്മോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടുമുണ്ട്.