


ആലപ്പുഴ : പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഐഎമ്മും. ചര്‍ച്ചയുടെ വാതില്‍ എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകുമെന്നും അത് തുറന്നുകിടക്കുമെന്നും എല്‍ഡിഎഫ് എല്‍ഡിഎഫ് ആണെന്നും ബിനോയ് പറഞ്ഞു. എല്‍ഡിഎഫിന് രാഷ്ട്രീയ അടിത്തറയുണ്ട്. ആശയ അടിത്തറയുണ്ട്. അതുകൊണ്ട് പരസ്പരബന്ധങ്ങളുണ്ട്. ചര്‍ച്ചകളുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീവിഷയത്തില്‍ സിപിഐയുടെ കമ്മിറ്റി കൂടാന്‍ പോകുകയാണെന്നും ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയപരമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയില്‍ സിപിഐ എക്സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
അതേസമയം, പിഎം ശ്രീ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സിപിഐഎം സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബിയും യോഗത്തില്‍ പങ്കെടുക്കുന്നു.
മുന്നണിയെ ഇരുട്ടില്‍ നിര്‍ത്തി ഒപ്പിട്ടതിന് മറുപടിയായി സിപിഐയുടെ മന്ത്രിമാര്‍ കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതും പരിഗണനയിലുണ്ട്. കാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ എംഒയു ഒപ്പിട്ടതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.