


വയനാടിന്റെ ആത്മിയതയുടെയും പോരാട്ടത്തിന്റെയും ചരിത്രമാണ് തിരുനെല്ലിക്കുളളത്. ആത്മിയത തേടിയും വിനോദ സഞ്ചാരികളായും സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി തിരുനെല്ലിയില്‍ എത്തുന്നവര്‍ ഏറെയാണ്. മോക്ഷപ്രാപ്തിയേകുന്ന തിരുനെല്ലി ക്ഷേത്രവും പാപനാശി പുഴയും തേടിയാണ് വിശ്വാസികള്‍ ബ്രഹ്മഗിരി മലമുകളിലേക്ക് എത്തുന്നത്. എന്നാല്‍, തിരുനെല്ലിയില്‍ ഒരു കൂട്ടം ആദിവാസി കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം ആരും കാണാതെ പോകുന്നു. അഥവാ അറിഞ്ഞാലും ശ്രദ്ധിക്കാതെ പോകുന്നു. മെച്ചപ്പെട്ട സൗകര്യങ്ങളും വിദ്യാഭ്യാസവും ഉറപ്പ് നല്കി സര്‍ക്കാര്‍ വിളിച്ചു കൊണ്ടു വന്ന ആദിവാസി കുട്ടികള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ക്കും കിടന്നുറങ്ങാന്‍ പോലും ഇടമില്ലാതെയും ‘മാതൃകാ വിദ്യാലയത്തില്‍ ‘ കഴിയുകയാണിവര്‍.
തിരുനെല്ലി സര്‍ക്കാര്‍ ആശ്രമം ഹൈസ്കൂളിലെ വിദ്യാര്‍ഥിനികളുടെ കഥയാണ് പറഞ്ഞു വരുന്നത്. 117 പെണ്‍കുട്ടികള്‍ക്ക് വേണ്ടി ആകെയുള്ളത് ഒരൊറ്റ ശൗചാലയം. കായിക മേള നടത്താന്‍ മൈതാനമില്ലാത്തതിനാല്‍, റോഡിലാണ് മല്‍സരങ്ങള്‍ നടത്തിയത്.
വയനാട്, കോഴിക്കോട് ജില്ലകളിലെ ആദിവാസി വിഭാഗങ്ങളില്‍പ്പെടുന്ന പണിയ,അടിയ സമുദായങ്ങളിപ്പെടുന്ന കുട്ടികളുടെ ബോര്‍ഡിംഗ് സ്കൂളാണിത്. ബലക്ഷയത്തെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് ഇക്കഴിഞ്ഞ ജൂലൈയില്‍ പൊതുമരാമത്ത് വകുപ്പ് ഫിറ്റ്നസ് നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് കളക്ടര്‍ സ്കൂള്‍ സന്ദര്‍ശിച്ചതും ഹോസ്റ്റലില്‍ നിന്നും കുട്ടികളെ മാറ്റാന്‍ നിര്‍ദേശിച്ചതും. ഇതോടെ കണ്ണുര്‍ ജില്ലയിലെ ആറളം ഫാമില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് ആശ്രമം ഹൈസ്കൂള്‍ മാറ്റാന്‍ പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് നിര്‍ദേശം നല്കി. ഇതിനായി ഒരുക്കങ്ങള്‍ തുടങ്ങി. അവിടെ വൈദ്യുതി കണ്‍കഷന്‍ ലഭ്യമാക്കാന്‍ 25ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ സ്കൂള്‍ മാറ്റം എങ്ങുമെത്തിയില്ല. ഇതോടെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ക്ലാസ് മുറികളിലേക്ക് മാറ്റി. മൂന്ന് ക്ലാസ് മുറികളിലായി 117 പെണ്‍കുട്ടികള്‍ താമസിക്കുന്നു. അവരുടെ ഉപയോഗത്തിന് ഒരു ശൗചാലയവും.
ക്ലാസ് മുറികള്‍ ഹോസ്റ്റലായതോടെ പഠനം സ്റ്റേജിലേക്കും കമ്പ്യൂട്ടര്‍ മുറിയിലേക്കും ലൈബ്രറിയിലേക്കും മാറ്റി. 257 കുട്ടികളാണ് ആകെയുള്ളത്. തിരുനെല്ലി വനത്തിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ വന്യജീവികള്‍ ഇടക്കിടെ സന്ദര്‍ശനം നടത്തും. സുരക്ഷാ വേലികളോ ചുറ്റുമതിലോ ഇല്ല. കുട്ടികള്‍ മാനസിക സംഘര്‍ഷത്തിലാണെന്ന് പറയുന്നു. പട്ടികക്ഷേമ മന്ത്രിയുടെ നാട്ടിലും മണ്ഡലത്തിലുമാണ് തിരുനെല്ലി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് എന്നതൊന്നും വന്യജീവികള്‍ക്ക് ബാധകമല്ലല്ലോ?
ആശ്രമം ഹൈസ്കൂള്‍ ജില്ലക്ക് പുറത്തേക്ക് പോയാല്‍ വയനാട് ജില്ലയിലെ അടിയ, പണിയ വിഭാഗങ്ങളുടെ ഏക റസിഡന്‍ഷ്യല്‍ സ്കൂളായിരിക്കും നഷ്ടപ്പെടുകയെന്നതും പ്രശ്നമാണ്. ഒന്ന് തുടങ്ങി പത്ത് വരെയാണ് പഠനം. ഇതിനിടെയാണ് ഈ വര്‍ഷത്തെ കായിക മല്‍സരങ്ങള്‍ റോഡില്‍ നടത്തി സ്കൂള്‍ റിക്കാര്‍ഡ് സൃഷ്ടിച്ചത്.
2000ത്തിലാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. എസ് എസ് എല്‍ സിക്ക് 100ശതമാനം വിജയം നേടുന്ന സ്കൂളാണിത്. പഠനത്തില്‍ മാത്രമല്ല, പഠനേതര പ്രവര്‍ത്തനങ്ങളിലും സ്കൂള്‍ മുന്നിലാണ്.
