


കൊച്ചി : പളളുരുത്തി സെന്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഹിജാബ് ധരിച്ച കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സ്കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സെന്റ് റീത്താസ് പബ്ലിക് സ്കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനെതിരെ സ്കൂള്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
അടുത്ത വെളളിയാഴ്ച്ച ഹര്‍ജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വി ജെ അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. തങ്ങളുടേത് സിബിഎസ്ഇ സ്കൂളാണെന്നും അതിനാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും ഡിഡിഇയ്ക്കും ഇത്തരം നടപടികള്‍ സ്വീകരിക്കാനുളള അധികാരമില്ല, ഇതൊരു അമിതാധികാര പ്രയോഗമാണ് എന്നായിരുന്നു സെന്റ് റീത്താസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. ഹിജാബ് ധരിച്ച കുട്ടിയെ പുറത്തുനിർത്തിയ സംഭവത്തിൽ വിശദീകരണവുമായി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂള്‍ മാനേജ്മെന്റ് രംഗത്തെത്തിയിരുന്നു.
സ്കൂളിന്റെ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥി വന്നാല്‍ സ്വീകരിക്കുമെന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. സ്കൂളിന്റെ നിബന്ധന അനുസരിച്ച് കുട്ടി വന്നാല്‍ ആദ്യ ദിനത്തില്‍ എന്ന പോലെ വിദ്യ നല്കാന് തയ്യാറാണ്. സ്കൂള്‍ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥി വന്നാല്‍ സ്വീകരിക്കും. സര്‍ക്കാരിനെയും നിയമത്തെയും അനുസരിച്ചാണ് ഇതുവരെ മുന്നോട്ട് പോയത് എന്നും പ്രിന്‍സിപ്പൽ പറഞ്ഞു.
എന്നാൽ ഇനി സെൻ്റ് റീത്താസ് സ്കൂളിലേക്ക് കുട്ടിയെ വിടുന്നില്ലെന്നും ടി.സി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കും. ഇനി ആ സ്കൂളിൽ പഠിക്കാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് മകൾ പറഞ്ഞു. മകളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നുമാണ് വിദ്യാർഥിനിയുടെ പിതാവ് അനസ് പ്രതികരിച്ചു.
വിഷയത്തിന്റെ സ്കൂൾ മാനേജ്മെന്റിനെതിരെ രൂക്ഷമായിട്ടുള്ള വിമർശനമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉന്നയിക്കുന്നത്. കുട്ടിയ്ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായിട്ട് ഉണ്ടെങ്കിൽ അതിനു പിന്നിൽ സ്കൂൾ മാനേജ്മെന്റ് ആണെന്നും, സ്കൂളിന്റെത് രാഷ്ട്രീയ പ്രതികരണം ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ് സ്കൂൾ മാനേജ്മെന്റ്. ടി സി യുടെ കാര്യം അറിയിച്ചിട്ടില്ലെന്നും നിയമാവലി അനുസരിച്ചു വരികയാണെങ്കിൽ സ്വീകരിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു.