


കോട്ടയം : പൊൻകുന്നം എലിക്കുളത്തെ സ്വയം സേവകനായിരുന്ന അനന്തു അജിയുടെ അസ്വഭാവിക മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നത്തണമെന്നു ആവശ്യപ്പെട്ട് ആർഎസ്എസ് കോട്ടയം വിഭാഗ് പരാതി നൽകി. അനന്തുവിന്റെ മരണം അതീവ ദുഃഖകരവും നിർഭാഗ്യവുമാണെന്നു ആർഎസ്എസ് വ്യക്തമാക്കി.
സോഫ്റ്റ്വെയർ എന്‍ജിനീയറായ കോട്ടയം പൊന്‍കുന്നം വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയെ (24) തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജ് മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തെ തുടര്‍ന്ന് താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അനന്തു ആരോപിച്ചിരുന്നു. ഈ സംഭവത്തിലാണ് ആർഎസ്എസ് ദുരൂഹത ആരോപിച്ച് പരാതി നൽകിയത്.
അനന്തുവിന്റെ അസ്വഭാവിക മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും മരണ ശേഷം ഇൻസ്റ്റഗ്രാമിലും ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെട്ട കുറിപ്പിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നു പരാതിയിൽ പറയുന്നു. കുറിപ്പിൽ അദ്ദേഹത്തിന്റെ മരണ കാരണമായി പറയുന്ന സംഘത്തിനെതിരായ സംശയാസ്പദവും അടിസ്ഥാനരഹിതവുമായ ചില ആരോപണങ്ങളുണ്ടെന്നും ഇതിലും അന്വേഷണം ആവശ്യമുണ്ടെന്നും പരാതിയിലുണ്ട്. ആർഎസ്എസ് കോട്ടയം വിഭാഗ് കാര്യവാഹ് ആർ സാനുവാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയ്ക്കു പരാതി നൽകിയത്.
വർഷങ്ങളായി സംഘവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് അനന്തുവിന്റേത്. അച്ഛൻ അജി മരണം വരെ സംഘത്തിന്റെ മുതിർന്ന പ്രവർത്തകനായിരുന്നു. അനന്തുവിന്റെ മരണക്കുറിപ്പിൽ ദുരൂഹതയുണ്ട്. ഇക്കാര്യത്തിൽ നഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം. അനന്തു ജീവനൊടുക്കിയതും മരണക്കുറിപ്പും ദുരൂഹമാണ്. നിക്ഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്നും ആർഎസ്എസ് ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.