


മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന സദസ്സുമായി സഹകരിക്കാനൊരുങ്ങി മുസ്ലിം ലീഗ്. മലപ്പുറം ജില്ലാ നേതൃത്വത്തിന്റേതാണ് തീരുമാനം. സദസ് ബഹിഷ്കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്നണി തീരുമാനം തള്ളി ലീഗ് രംഗത്തെത്തിയത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസന നേട്ടങ്ങളെല്ലാം ജനങ്ങളുടെ മുമ്പാകെ പഞ്ചായത്തിന്റെ/ മുന്‍സിപ്പാലിറ്റിയുടെ ചിലവില്‍ അവതരിപ്പിക്കാന്‍ കിട്ടുന്ന അവസരമാണ്. ആര് സഹകരിക്കില്ലെന്ന് പറഞ്ഞാലും സര്‍ക്കാര്‍ സെക്രട്ടറിമാരെ ഉപയോഗിച്ച് ഇത് നടപ്പിലാക്കുകയും ഒടുവില്‍ പരിപാടി സിപിഎമ്മിന്റെ പരിപാടിയായി മാറും. അതുകൊണ്ടാണ് വികസനസദസ്സുമായി സഹകരിക്കുന്നതെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി.
വികസന സദസ്സ് മലപ്പുറത്ത് ഗംഭീരമായി നടത്തുമെന്ന് ലീഗ് വൃത്തങ്ങള്‍ വ്യക്തമാക്കി. സദസ്സ് ബഹിഷ്കരിക്കുമെന്ന് യു ഡി എഫ് പ്രഖ്യാപിച്ചിരിക്കേയാണ് വിരുദ്ധ നിലപാടുമായി ലീഗ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള പ്രചാരണത്തിന് പണം ധൂര്‍ത്തടിക്കാനാണ് വികസന സദസ് നടത്തുന്നതെന്നാണ് യുഡിഎഫ് ആരോപണം.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് സംസ്ഥാന സര്‍ക്കാര്‍ വികസന സദസ്സ് നടത്തുന്നത്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.