


കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്ഐക്ക് വിജയം. ഏറെ വൈകിയാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. തുടര്‍ച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയന് നിലനിര്‍ത്തുന്നത്. നന്ദജ് ബാബുവിനെയാണ് യൂണിയന് ചെയര്‍പേഴ്സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് സീറ്റും എസ്എഫ്ഐക്ക് തന്നെയാണ് ലഭിച്ചത്. എന്നാല്‍ കാസര്‍കോട് ജില്ലാ എക്യൂട്ടിവിലും വയനാട് ജില്ലാ എക്സിക്യൂട്ടീവിലും യുഡിഎസ്എഫ് വിജയിച്ചു. കാസര്‍കോടില്‍ നിന്നും വിജയിച്ച ഫിജ എംടിപി ഒരു വോട്ടിനാണ് വിജയിച്ചത്. വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മുഹമ്മദ് നിഹാല്‍ വിജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും എസ്എഫ്ഐയായിരുന്നു വിജയിച്ചത്.
വലിയ നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് പ്രകിയ നടക്കുന്ന സമയത്ത് എംഎസ്എഫ്-കെഎസ്യു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുഎണ്ടായി. എസ്എഫ്ഐ സ്ഥാനാര്‍ഥിയായ വിദ്യാര്‍ഥിനി ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ച് കൊണ്ടു പോയെന്ന് എംഎസ്എഫ് ആരോപിച്ചു.
എന്നാല്‍ കാരണമില്ലാതെയാണ് വിദ്യാര്‍ഥിനിയെ തടഞ്ഞുവെച്ചതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടി ആരോപിച്ചു. വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ എസ്എഫ്ഐ തടഞ്ഞുവെന്ന് കെഎസ്യുവും ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം എസ്എഫ്ഐ നിഷേധിച്ചു.
വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാന്‍ വിസിക്ക് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു.