


കൊച്ചി : നിർമാണ സ്ഥലത്ത് ടഫൻഡ് ഗ്ലാസ് പാനലുകൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റീരിയർ ഡിസൈനിങ് സ്ഥാപന ഉടമകളും സിഐടിയു ചുമട്ടു തൊഴിലാളികളും തമ്മിൽ തർക്കം. മരടിലാണ് സംഭവം. വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ ഗ്ലാസ് ഇറക്കരുതെന്ന് സ്ഥാപന ഉടമകൾ പറഞ്ഞതോടെയാണ് പ്രതിസന്ധിയുണ്ടായത്.
ലോറിയിൽ കൊണ്ടു വന്ന ഗ്ലാസുകൾ തങ്ങൾ തന്നെ ഇറക്കുമെന്നായിരുന്നു സിഐടിയു നിലപാട്. എന്നാൽ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ കൊണ്ട് ഗ്ലാസ് ഇറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സ്ഥാപന ഉടമകൾ. ഗ്ലാസുകൾ ഇറക്കുന്നതിനുള്ള ഉപകരണങ്ങൾ പോലുമില്ലാതെയാണ് തൊഴിലാളികൾ വന്നതെന്നും ഇറക്കിയാൽ തന്നെ പത്ത് മീറ്ററിനപ്പുറത്തേക്ക് ഗ്ലാസ് കൊണ്ടു പോകില്ലെന്നു പറഞ്ഞതായും ഉടമകൾ ആരോപിക്കുന്നു. ചില സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള തൊഴിലാളികൾ വന്ന് അശ്രദ്ധമായി ഗ്ലാസുകൾ ഇറക്കിയത് തങ്ങൾക്ക് വലിയ നഷ്ടം വരുത്തി വച്ചതായും ഉടമകൾ ആരോപിച്ചു.
എന്നാൽ ഇത് തങ്ങളുടെ പണിയാണെന്നും ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലില്ലെന്നും സിഐടിയു വ്യക്തമാക്കിയതോടെ ഗ്ലാസ് ലോറിയിൽ തന്നെ കിടന്നു. തർക്കത്തെ തുടർന്നു ഗ്ലാസ് ലോറിയിൽ തന്നെ ഒരാഴ്ചയോളമാണ് ഇങ്ങനെ കിടന്നത്. ഒടുവിൽ പൊലീസെത്തിയാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്. മധ്യസ്ഥ ചർച്ചകൾ നടത്തി മറ്റൊരു സ്ഥലത്തു നിന്നു വൈദഗ്ധ്യമുള്ള തോഴിലാളികളെ സിഐടിയു തന്നെ കൊണ്ടു വന്നാണ് ഗ്ലാസ് ഇറക്കിയത്.