


ബംഗളൂരു : ഡല്‍ഹിയിലെ 50 ഓളം സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിന് പിന്നാലെ ബംഗളൂരുവിലെ 40 സ്കൂളുകള്‍ക്കും ഭീഷണി സന്ദേശം. ഇ-മെയില്‍ വഴിയാണ് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് സ്കൂളുകളില്‍ പരിശോധന കര്‍ശനമാക്കി.
ഇന്ന് (വെള്ളിയാഴ്ച) രാവിലെ, സിവില്‍ ലൈനിലെ സെന്റ് സേവ്യേഴ്സ്, പശ്ചിമ് വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്കൂള്‍, രോഹിണിയിലെ അഭിനവ് പബ്ലിക് സ്കൂള്‍, രോഹിണിയിലെ ദി സോവറിന്‍ സ്കൂള്‍ എന്നിവയുള്‍പ്പെടെ ഡല്‍ഹിയിലെ 50 ഓളം സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിക്കുന്നത്. രാജരാജേശ്വരി നഗര്‍, കെങ്കേരി എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ സ്വകാര്യ സ്കൂളുകള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു.
ഭീഷണി ലഭിച്ച ബംഗളൂരുവിലെ സ്കൂളുകളില്‍ ഒന്നിലധികം പൊലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. roadkill 333@atomicmail.io എന്ന ഇ മെയില്‍ ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ”സ്കൂളുകളില്‍ സ്ഫോടനാത്മകമായ ടിഎന്‍ടി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് എന്ത് സംഭവിക്കുമെന്നറിയില്ല. നിങ്ങളെല്ലാവരും കഷ്ടപ്പെടാന്‍ അര്‍ഹരാണ്. എന്റെ ജീവിതം എനിക്ക് ശരിക്ക് വെറുപ്പാണ്”, എന്നും ഭീഷണി സന്ദേശത്തിലുണ്ട്. ഈ ആഴ്ച രാജ്യത്ത് ഏകദേശം 100 സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇതില്‍ 60 സ്കൂളുകള്‍ ഡല്‍ഹിയിലാണ്.