


തിരുവനന്തപുരം : പക്ഷിയിടി ഒഴിവാക്കാനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ദിവസം പക്ഷികളെ ഓടിക്കാനുള്ള ചെലവാക്കുന്നത് 3,24,000 രൂപ. ഈ ഇനത്തിൽ പ്രതിവർഷം വേണ്ടി വരുന്നത് ഏകദേശം 12 കോടി രൂപ! (11,82,60,000). ഇതിൽ പടക്കത്തിനു മാത്രം പ്രതിദിനം 3 ലക്ഷം രൂപയാണു ചെലവാക്കുന്നത്. വിമാനത്തിൽ പക്ഷിയിടിക്കുന്നത് ഒഴിവാക്കാനായാണ് അദാനി കമ്പനി ഈ തുക ചെലവാക്കുന്നത്.
വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ഇടങ്ങളിൽ നിന്നാണു പടക്കം പൊട്ടിക്കുന്നത്. ഓരോ ഷിഫ്റ്റിലും 200 ഗുണ്ടുകളും 50 റോക്കറ്റുകളുമാണു പൊട്ടിക്കുന്നത്. രാവിലെയും വൈകിട്ടുമായി 2 ഷിഫ്റ്റാണുള്ളത്. ഗുണ്ടുകൾ, റോക്കറ്റുകൾ എന്നിവയ്ക്കു പുറമേ പക്ഷിക്കൂട്ടങ്ങളെ തുരത്താനായി മുകളിലെത്തി മൂന്നായി പൊട്ടുന്ന സ്കൈ ഷോട്ടും ആവശ്യാനുസരണം ഉപയോഗിക്കുന്നു. വിമാനത്തിന്റെ ലാൻഡിങ്ങിനും േടക്ക് ഓഫിനും മുൻപായി 12 പോസ്റ്റുകളിലുമുള്ളവർ പക്ഷികളുണ്ടോയെന്നു പരിശോധിച്ച് അവയെ തുരത്തും. 2 ഷിഫ്റ്റുകളിലായി 30 പേരാണു ജോലിക്കുള്ളത്. പ്രതിമാസം 24,000 രൂപയാണു ഇവരുടെ വേതനം. 30 പേർക്ക് ശമ്പള ഇനത്തിൽ പ്രതിമാസം 7,20,000 രൂപ നൽകണം.
ഇതിനു പുറമേ, വിമാനത്താവളത്തിനു സമീപമുള്ള വീടുകളിൽ 15 ഇടത്ത് പ്രാവുകളെയും പക്ഷികളെയും വളർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷികളെ ആകർഷിക്കുന്ന പ്രാണികളുണ്ടാകാത്ത തരം പുല്ലിനങ്ങളാണു റൺവേയ്ക്കു സമീപം നട്ടുപിടിപ്പിച്ചിട്ടുള്ളത്. പ്രാവുകൾ കൂട്ടമായി റൺവേയ്ക്കു സമീപം പറന്നിറങ്ങാതിരിക്കാൻ 50 സെന്റിമീറ്റർ ഉയരത്തിൽ വളരുന്ന പ്രത്യേകയിനം പുല്ലുകളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. പ്രാവുകൾ കൂട്ടമായാണ് തീറ്റയെടുക്കുക. നിശ്ചിത ഉയരത്തിൽ പുല്ലു വളർത്തിയാൽ പ്രാവുകൾക്കു പരസ്പരം കാണാൻ കഴിയാതെ വരുന്നതോടെ തീറ്റയെടുക്കാൻ എത്തില്ലെന്നാണ് വിലയിരുത്തൽ. പൊന്നറ പാലത്തിന്റെ ഇരുവശത്തും മാലിന്യം വലിച്ചെറിയുന്നത് പക്ഷികളെ സാന്നിധ്യത്തിനു കാരണമാകുന്നുണ്ടെങ്കിലും തടയാൻ കോർപറേഷനു കഴിഞ്ഞിട്ടില്ല.