


കോഴിക്കോട്: ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് മൂന്ന്, അഞ്ച് വകുപ്പുകൾ പ്രകാരമാണ് കേസ്.ഞായറാഴ്ച രാത്രി 8.15 നാണ് ആക്രമണമുണ്ടായത്. സ്കൂട്ടറിലെത്തിയ സംഘം വീടിനുനേർക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു. സ്ഫോടക വസ്തു വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി.
ഇതിനു പിന്നാലെ പുലർച്ചെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മാരകമായ സ്ഫോടക വസ്തുക്കൾ അല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.തന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാണ് ഹരിഹരന്റെ ആരോപണം. രാത്രി മുതൽ ഒരു സംഘം വീടിനു പരിസരത്ത് റോന്തുചുറ്റുന്നതായി ശ്രദ്ധയിൽപെട്ടിരുന്നുവെന്നും സ്ഫോടനത്തിനു ശേഷം അവശിഷ്ടങ്ങൾ ഇതേ സംഘമെത്തി പിന്നീട് വാരിക്കൊണ്ടുപോയതായും ഹരിഹരൻ വ്യക്തമാക്കി. അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകള്‍ ഹരിഹരനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.