


വിശാഖപട്ടണം: മുൻ കോൺഗ്രസ് മുഖ്യമന്ത്രി വൈഎസ് രാജശേഖരൻ റെഡ്ഡിയുടെ മകളും, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിളയെ ആന്ധ്രാ പ്രദേശ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താക്കുറിപ്പിറക്കി.കോൺഗ്രസിലേക്ക് തിരിച്ചെത്തി പന്ത്രണ്ടാം ദിവസമാണ് ശർമിളയെ സംസ്ഥാന അധ്യക്ഷയാക്കിയുള്ള പ്രഖ്യാപനം വന്നത് .
സംസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷനായ ജി രുദ്രരാജു അധ്യക്ഷ പദവി രാജിവച്ചു. ഇദ്ദേഹം കോൺഗ്രസ് പ്രവർത്തക സമിതിൽ പ്രത്യേക ക്ഷണിതാവാകും. രണ്ടാഴ്ച മുൻപാണ് വൈ എസ് ശർമിള സ്വന്തം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഹോദരൻ ജഗൻമോഹൻ റെഡ്ഡിക്കെതിരെ കോൺഗ്രസിനെ നയിക്കുന്നത് ഇതോടെ വൈഎസ് ശർമിളയായിരിക്കും. എന്നാൽ വൈഎസ് ശര്‍മിള തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തമായ സൂചന പാർട്ടി വൃത്തങ്ങൾ നൽകുന്നില്ല. വൈഎസ് ശര്‍മ്മിള രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാനോ, ലോക്സഭാ സീറ്റിൽ മത്സരിക്കാനോ സാധ്യതയുണ്ട്.13 വര്‍ഷത്തിന് ശേഷമാണ് വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്.