കാസര്‍കോട് : റോബിന് ബസ് ഉടമ നടത്തുന്നത് നിയമലംഘനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിയമം ആര് ലംഘിച്ചാലും നടപടിയെടുക്കുമെന്ന് മന്ത്രി കാസര്‍കോട്ട് പറഞ്ഞു.
കോണ്ട്രാക്റ്റ് കാരിയേജ് ബസിന്റെ അവകാശങ്ങള്‍ കോണ്ട്രാക്റ്റ് കാരിയേജ് ബസ് നും സ്റ്റേറ്റ് ക്യാരേജ് ബസിന്റെ അവകാശങ്ങള്‍ സ്റ്റേജ് കാരിയേജിനുമുണ്ട്. ബോര്‍ഡും വച്ച് ഓരോ സ്റ്റോപ്പിലും നിര്‍ത്തി ആളെയും കയറ്റി ഇറക്കിക്കൊണ്ടുപോകാനുള്ള അവകാശമൊന്നും കോണ്‍ട്രാക്ട് കാരിയേജ് ബസിനില്ല. അവര്‍ക്കുളള അവകാശം ഒരു മേഖയില്‍ നിന്ന് എടുത്ത് ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ളതു മാത്രമാണെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ സീറ്റുകള്‍ ബുക്ക് ചെയ്ത് ഗ്രൂപ്പായിട്ടോ ബള്‍ക്കായിട്ടോ പോകാനേ അവകാശം ഉള്ളു. അല്ലാതെ ഓരോ സ്റ്റേപ്പിലും നിര്‍ത്തി ആളുകളെ കയറ്റി ഇറക്കിയാല്‍ പിന്നെ ഇതും രണ്ടും സംബന്ധിച്ച് എന്ത് വ്യത്യാസമാണ് ഉള്ളത്. സര്‍ക്കാരിനെ വെല്ലിവിളിച്ച് അതിനെയൊക്കെ നേരിടുമെന്ന് ഒരാള്‍ പറഞ്ഞാല്‍ അതൊന്നും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിന് ബസിന് നാട്ടുകാര്‍ വഴി നീളെ സ്വീകരണം നല്കി. 23 കേന്ദ്രങ്ങളില്‍ സ്വീകരണം ലഭിച്ചതായി ബസ് ഉടമ പറഞ്ഞു. സ്റ്റേജ് ക്യാരേജ് നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വണ്ടി തടഞ്ഞ് പിഴയിട്ടിരുന്നു.